Saturday, November 7, 2009

ഒരിടത്തൊരു ലൈന്‍മാന്‍

ഒരു ദിവസം കൃഷ്ണന്‍കുട്ടി എന്ന് പേരായ ലൈന്‍മാന്‍ തന്റെ ഹെര്‍കുലീസ് സൈക്കിള്‍ ചവുട്ടി പാണ്ടിത്തറ ലക്ഷ്യമാക്കി നീങ്ങി. അവിടെ ഒരു ലൈനില്‍ രണ്ട് ദിവസമായി കരന്റില്ലെന്ന് പരാതി കിട്ടിയത് കൊണ്ടായിരുന്നു കൃഷ്ണന്‍കുട്ടി പാണ്ടിത്തറയിലേയ്ക്ക് പോകുന്നത്. സൈക്കിളിന്റെ വലത് വശത്ത് പണിസാധനങ്ങള്‍ നിറച്ച സന്ചിയുണ്ടായിരുന്നു. പോസ്റ്റില്‍ കയറേണ്ടിവരുമെന്നുള്ളത് കൊണ്ട് അയാള്‍ അന്ന് പാന്റ് ധരിച്ചിരുന്നു. സ്ഥലത്തെ പ്രധാന ലൈന്‍മാനായത് കാരണം സ്ഥിരം കുഴപ്പമുണ്ടാക്കാറുള്ള പോസ്റ്റുകളും ലൈനുകളും അയാള്‍ക്കറിയാമായിരുന്നു.. അകത്തേക്കാട്ടിലാണെങ്കില്‍ വണ്ണാത്തി ലച്ച്മിയുടെ വീടിന്‌ മുന്നില്‍ , കോഴിപ്പെറ്റയില്‍ തട്ടാത്തി സരസുവിന്റെ വീടിന്‌ മുന്നില്‍ , വെമ്പല്ലൂരില്‍ കൂലിപ്പണിക്കാരി തത്ത, ഏത്തന്നൂരില്‍ പണിക്കൊന്നും പോകാതെ മംഗളം വായിച്ചോണ്ടിരിക്കുന്ന കുമാരി, വിളയന്നൂരില്‍ അമ്പലത്തിലെ അടിച്ചുതളിക്കാരി ജാനമ്മ അങ്ങനെയങ്ങനെ ഓരോ സ്ഥലത്തും സ്ഥിരമായി റിപ്പയര്‍ ചെയ്ത് വയ്ക്കാന്‍ പറ്റാത്ത പോസ്റ്റുകള്‍ അയാള്‍ ക്കറിയാം .

ഇവരുടെയൊക്കെ ഭര്‍ത്താക്കന്മാരെ കൃഷ്ണന്‍കുട്ടി കാണാറുള്ളത് ചിതലിയിലെ കള്ള്` ഷാപ്പില്‍ വച്ചാണ്‌. . അല്ലാതെ അവരുടെ വീടുകളില്‍ കാണാറില്ല.. കാണാതെ പോയ കരന്റ് തിരികെ കൊണ്ടുവരുന്ന കൃഷ്ണന്‍ കുട്ടിയോട് എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. റിപ്പയറിന്‌ ചെല്ലുമ്പോള്‍ അവിടത്തെ പെണ്ണുങ്ങള്‍ ചായയും പലഹാരവുമൊക്കെ കൊടുക്കും . വൈകുന്നേരം ആണുങ്ങള്‍ കള്ള്‌ വാങ്ങിച്ച് കൊടുക്കും .

നായര്‍ത്തറയില്‍ നിന്നും വരമ്പ് കുറേ കടന്നാലാണ്‌ പാണ്ടിത്തറ. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം നടക്കാവുന്ന മെലിഞ്ഞ് വരമ്പിലൂടെ അയാള്‍ സൈക്കിള്‍ പതുക്കെ ചവുട്ടി. പത്ത് മണി വെയിലില്‍ അയാള്‍ക്ക് നെറ്റിയില്‍ വിയര്‍പ്പ് പൊട്ടി. കണ്ണെത്താപ്പാടങ്ങള്‍ പൊള്ളിത്തുടങ്ങുന്നു. ദൂരെ നെല്ലിയാമ്പതി മലയും വിയര്‍ക്കുന്നു. വരമ്പ് താണ്ടി ഒരുവിധം അയാള്‍ പാണ്ടിത്തറയിലെത്തി. മരുതിക്കാവാണ്‌ ആദ്യം . കാവ് കടന്ന് പിന്നെ ഓടിട്ട വീടുകള്‍ . ഇടയ്ക്ക് പൊളിഞ്ഞ വേലിയുള്ള കറ്റക്കളങ്ങള്‍ , അത് കഴിഞ്ഞ് ഒരു ഉല്‍സവത്തറ, അതില്‍ കഴിഞ്ഞ കൂട്ടക്കളത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു.

സൈക്കിള്‍ നിര്‍ത്തി അയാള്‍ ഒരു ബീഡി കത്തിച്ചു. പാലക്കാടന്‍ കാറ്റില്‍ കെട്ടും തെളിഞ്ഞും ബീഡി എരിഞ്ഞ് നീങ്ങി. വിയര്‍പ്പാറിയപ്പോള്‍ അയാള്‍ സൈക്കിളെടുത്ത് കുഴപ്പമുള്ള ലൈന്‍ ലക്ഷ്യമാക്കി ചവുട്ടി.

മേലാമുറിയില്‍ ചുമട്ട് തൊഴിലാളിയായ വാസുവിന്റെ വീടിനടുത്തായിരുന്നു അത്. വാസുവിന്റെ പെണ്ണ്‌ കുസുമം കാണാന്‍ സുന്ദരിയാണ്‌. അത്രയും വെളുപ്പുള്ള ഒരു പെണ്ണും ആ പ്രദേശത്തില്ല. ആദ്യമൊക്കെ കുസുമം കൂലിപ്പണിക്ക് പോകുമായിരുന്നു. അവള്‍ സുന്ദരിയായത് കൊണ്ടായിരിക്കണം വാസു തന്നെ അവളോട് പണിയ്ക്ക് പോകേണ്ടന്ന് പറഞ്ഞു. ഇടയ്ക്ക് വാസു ലോറിക്കാരുടെ കൂടെ തമിഴ് നാട്ടിലും കര്‍ണ്ണാടകത്തിലുമൊക്കെ പോകും . അപ്പോഴൊക്കെ ദിവസങ്ങളോളം കുസുമം ഒറ്റയ്ക്കായിരിക്കും . ചുറ്റുവട്ടത്തെ ആണ്‍മനസ്സുകളെ ഭീതിയിലാഴ്ത്തിക്കൊണ്ട് സന്ധ്യയ്ക്ക് അവള്‍ വിളക്ക് കൊളുത്തും . അസൂയയും പേടിയും കാരണമായിരിക്കും , അയലത്തെ പെണ്ണുങ്ങള്‍ കെട്ട്യോന്‍മാരെ ഒട്ടിയിരിക്കും .

പക്ഷേ, കൃഷ്ണന്‍കുട്ടിയ്ക്ക് കുസുമത്തിന്റെ വീട്ടില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. വാസു ഇല്ലെങ്കിലും അവള്‍ നല്ലോണം സല്‍ ക്കരിച്ചേ വിടാറുള്ളൂ. പാണ്ടിത്തറയിലെ കുഴപ്പമുള്ള പോസ്റ്റിന്റെ കുഴപ്പവും അയാള്‍ക്കറിയാമായിരുന്നു.

' ഭഗവതീ' അയാള്‍ പ്രാര്‍ഥിച്ചു. സൈക്കിള്‍ കുറച്ചകലെ ഒരു മതിലില്‍ ചാരി വച്ച് പണിസാധനങ്ങളെടുത്ത് അയാള്‍ നടന്നു. അപ്പോള്‍ അവിടെ കളിച്കുകൊണ്ടിരുന്ന കുറേ കുട്ടികള്‍ പിന്നാലെ കൂടി. ശാഖകളില്ലാത്ത മരം പോലത്തെ ഇലക്ട്രിക് പോസ്റ്റില്‍ അയാള്‍ വലിഞ്ഞ് കയറുന്നത് അവര്‍ക്ക് ഒരിക്കലും കൌതുകം വറ്റാത്ത കാഴ്ചയായിരുന്നു.
' ഓടെറാ.. തലമുറിയമ്മാരേ' അയാള്‍ ചീത്ത വിളിച്ചപ്പോള്‍ കുട്ടികള്‍ ചിതറിയോടി. പിന്നേയും സംശയിച്ച് സം ശയിച്ച് പിന്നാലെ കൂടാന്‍ തുടങ്ങിയ കുട്ടികളെ അയാള്‍ കല്ലെടുത്തെറിഞ്ഞു..

കുസുമത്തിന്റെ വേലിയെത്തിയപ്പോഴേ അയാള്‍ കണ്ടു, വാതില്‍ക്കല്‍ ഒരു ജോടി ചെരുപ്പ്. വാസു പണിയ്ക്ക് പോയില്ലേയെന്ന് ആലോചിക്കുമ്പോഴാണ്‌ അതിനവന്‍ ചെരുപ്പിടാറില്ലല്ലോയെന്നോര്‍ ത്തത്. കുസുമത്തിനിതാരാണീ പുതിയ വിദ്വാന്‍ എന്നാലോചിച്ച് കൊണ്ട് അയാള്‍ പോസ്റ്റിനരുകിലെത്തി. സന്ചി തോളിലിട്ട് കയറാന്‍ തുടങ്ങി. പാണ്ടിത്തറ താഴോട്ട് താഴോട്ടിറങ്ങുന്നത് ആസ്വദിച്ച് അയാള്‍ ഉച്ചിയിലെത്തി.. ഇപ്പോള്‍ കുസുമത്തിന്റെ മേല്‍ക്കൂര കാണാം . അടുക്കള ഭാഗത്ത് പുകയുയരുന്നുണ്ട്. അവിടേ മാത്രം ഓട് കരി പിടിച്ചിരുന്നു.

കുറച്ച് നേരം കാത്തിരിക്കാമെന്ന് തീരുമാനിച്ചു. ചുരുണ്ട് പിണഞ്ഞ് കിടക്കുന്ന വയറുകള്‍ അഴിച്ചും പിരിച്ചും അയാള്‍ സമയം കളഞ്ഞു. ഇടയ്ക്ക് വഴിപോക്കര്‍ എന്താണെന്ന മട്ടില്‍ മുകളിലേയ്ക്ക് നോക്കി. ചുറ്റുപാട് നിന്നും അരി വേവുന്ന മണം കാറ്റില്‍ പിടിച്ചു.

കുറേ നേരമായിട്ടും ചെരുപ്പിന്റെ ഉടമ പുറത്ത് വരുന്നില്ല. ഇതെന്താണവിടെ സംഭവിക്കുന്നതെന്നോര്‍ത്ത് അയാള്‍ ക്ക് തൊണ്ട വരണ്ടു. അപ്പോഴാണ്‌ തെക്ക് ഭാഗത്ത് വേലിയ്ക്കിടയിലൂടെ ഒരു തല അനങ്ങുന്നത് കണ്ടത്. ആരോ ഒളിഞ്ഞ് നോക്കുകയാണെന്ന് മനസ്സിലായപ്പോള്‍ കൃഷ്ണന്‍ കുട്ടിയ്ക്ക് അരിശം വന്നു. ഒറ്റയ്ക്കൊരു പെണ്ണിരിക്കുന്നടത്ത് ഒളിഞ്ഞ് നോക്കുന്നു. നല്ല കാഴ്ച കിട്ടാനായി ഇരുന്ന ഇരിപ്പില്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും ഞരങ്ങുന്നുണ്ട് അവന്‍ . ആളെ പിടികിട്ടി. ചായക്കടക്കാരന്‍ മുരുകന്‍ . അയാള്‍ക്കും കുസുമമോയെന്ന് കൃഷ്ണന്‍കുട്ടിയ്ക്ക് അതിശയം തോന്നി. അപ്പോള്‍ വേറൊരു തല കൂടി കാണാറായി. കോളേജില്‍ പഠിക്കുന്ന മണി. രണ്ടാളും കൂടി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, ചിരിക്കുന്നുമുണ്ട്.

കൃഷ്ണന്‍ കുട്ടിയ്ക്ക് ദേഷ്യം വന്നു.

' ഡാ..ന്താടാ ?' അയാള്‍ മുകളിലിരുന്ന് ചോദിച്ചു. മുരുകന്‍ ഒന്ന് ഞെട്ടി നാലുപാടും നോക്കി. ശബ്ദത്തിന്റെ ഉറവിടം കിട്ടാതെ മാനത്ത് നോക്കിയപ്പോള്‍ കൃഷ്ണന്‍ കുട്ടിയെ കണ്ടു. അവന്‍ വല്ലാതൊന്ന് ചിരിച്ചു. എന്നിട്ട് പതുങ്ങിപ്പതുങ്ങി പോസ്റ്റിനരികിലെത്തി.

' കൃഷ്ണേട്ടാ..അകത്താരോ ണ്ട്'

' ആര്?'

' ആ..കൊറേ നേരായി ഞാന്‍ നോക്കണു, പൊറത്തേയ്ക്ക് വരണ്` ല്ല'

' നിയ്യെന്തിനാടാ അതൊക്കെ നോക്കാമ്പോണേ ?'

' അയ്, അങ്ങനെല്ലല്ലോ കൃഷ്ണേട്ടാ..നമ്മളും ഈ നാട്ടിലൊള്ളതല്ലേ'

' ങാ..എന്തോ ചെയ്യ്' കൃഷ്ണന്‍ കുട്ടി പിന്നൊന്നും പറഞ്ഞില്ല.

അയാള്‍ ആകെ തളര്‍ന്നിരുന്നു. മുരുകന്‍ തിരിച്ച് വേലിയ്ക്കരികിലെത്തി. ഇപ്പോഴവിടെ വേറേയും ആളുകള്‍ കൂടിയിട്ടുണ്ട്. വന്നവര്‍ വന്നവര്‍ കൂടുതല്‍ നല്ല കാഴ്ച കിട്ടാനായി വേലിയെ പ്രദക്ഷിണം വയ്ക്കുന്നു.

വിളിച്ചിറക്കിയാലോയെന്നാരോ പറയുന്ന പോലെ തോന്നി.

ഇന്നിനി ഒന്നും നടക്കില്ലെന്ന് മനസ്സിലായി കൃഷ്ണന്‍കുട്ടിയ്ക്ക്. അയാള്‍ താഴേയ്ക്കിറങ്ങി. ഒരു ബീഡി കത്തിച്ചു. വേലിയ്ക്കരികില്‍ മറഞ്ഞിരുന്നവര്‍ ഇപ്പോള്‍ മുറ്റത്തേയ്ക്ക് ചെന്ന് നേരിട്ട് നോക്കാന്‍ തുടങ്ങുകയാണ്‌.

' ശെരിയായോ കൃഷ്ണേട്ടാ ?' ആരോ ചോദിച്ചു.

' ഓ..ഇല്ല...കുഴപ്പം ഇവിടല്ല' എന്ന് പറഞ്ഞ് അയാള്‍ സൈക്കിളെടുത്ത് പാണ്ടിത്തറ വിട്ടു.

Wednesday, November 4, 2009

മണി മുഴങ്ങുന്നതാര്‍ക്ക് വേണ്ടി?

പല നിറങ്ങളിലും വലിപ്പത്തിലുമുള്ള ചതുരക്കട്ടകള്‍ നിറഞ്ഞ ഒരു കളിപ്പാട്ടമുണ്ടായിരുന്നു. അവയെ പരസ്പരം ഘടിപ്പിച്ച് ഇഷ്ടമുള്ള രൂപത്തിലാക്കാമായിരുന്നു. തൃപ്തിയായില്ലെങ്കില്‍ ഉടച്ച് പണിത് പുതിയതൊന്നിന്‌ രൂപം കൊടുക്കാനും സാധിച്ചിരുന്നു. ആ ചതുരക്കട്ടകള്‍ ഒരിക്കലും എന്നോട് പിണങ്ങിയിരുന്നില്ല. അതിന്റെ അടിസ്ഥാനരൂപത്തില്‍ നിന്നുകൊണ്ട് തന്നെ എന്റെ ഭാവനയ്ക്കൊപ്പം അത് വഴങ്ങിയിരുന്നു.

പറഞ്ഞ് വന്നത് എഴുത്തിനെക്കുറിച്ച് തന്നെ. ഒരു കഥ അല്ലെങ്കില്‍ കവിത നമ്മുടെ മുന്നിലെത്തുന്നത് ആ പറഞ്ഞ ചതുരക്കട്ടകളെപ്പോലെത്തന്നെയാണ്‌. എന്റെ അപ്പോഴത്തെ മനോനിലയ്ക്കനുസരിച്ച് വായിക്കാനും വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും മനസ്സിലാകാതിരിക്കാനും ചെയ്യാം . രണ്ടാമത്തേയോ മൂന്നാമത്തേയോ നൂറാമത്തേയോ വായനയില്‍ അത്രയും തന്നെ വ്യത്യസ്ഥമായ വായന സാധ്യമാകുന്നു. ചിലപ്പോള്‍ ഒരു ആകൃതിയ്ക്കും വഴങ്ങാതെ വിഷമിപ്പിക്കുകയു ചെയ്യും .

സ്ഥായിയായ അതിന്റെ ആ അടിസ്ഥാനരൂപം ഉള്ള വരികള്‍ ക്കേ അങ്ങിനെ പല വായനകള്‍ ക്ക് വഴങ്ങിത്തരാനാകൂ. വൃത്തവും താളവുമൊന്നുമല്ല, എഴുത്തുകാരന്‍ കൊണ്ടുവരുന്ന ആശയത്തിന്റെ ആ അടിത്തറയെക്കുറിച്ചാണ്‌ പറയുന്നത്. ക്രാഫ്റ്റ് ഒരിക്കലും വായനക്കാരന്റെ തീരുമാനമല്ല, എഴുത്തുകാരന്റെ സൌകര്യം മാത്രമാണ്‌. ( ഇത് പറഞ്ഞത്, ചില തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനാണ്‌).

ആശയത്തിന്റെ മേലുള്ള ആ വ്യക്തത തന്നെയാണ്‌ എഴുത്തിന്റെ കരുത്ത്. എഴുത്തുകാരന്‍ മുന്നില്‍ വച്ച് തരുന്ന ചിത്രങ്ങളില്‍ വായനക്കാരന്‌ എന്ത് കണ്ടെത്താനാകുന്നു എന്ന കൌതുകം തന്നെയാണ്‌ വീണ്ടും എഴുതാനും വായിക്കാനുമുള്ള പ്രചോദനം .

അങ്ങിനെ വായനകള്‍ പുരോഗമിക്കുമ്പോള്‍ എഴുത്തുകാരനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം , എഴുത്തുകാരന്‌ തിരിച്ചും അങ്ങിനെയാകാം .അപ്പോഴാണ്‌ ആശയസം വേദനം എന്ന പ്രക്രിയയാകുന്നത്. ഈയുള്ളവന്‍ ആദ്യം എഴുതിയ പ്രതികരണം ഈ വിഷയത്തെക്കുറിച്ചായിരുന്നു.. നിര്‍ ഭാഗ്യവശാല്‍ അത് വേറെയെന്തിനെയോ കുറിച്ചാണെന്ന് ആരൊക്കെയോ ധരിച്ച് പോയിരിക്കുന്നു. അതെ, ആശയസംവേദനം തന്നെയാണ്‌ പ്രശ്നം

അതേ സമയം ആ ചതുരക്കട്ടകള്‍ ക്ക് പകരം ഒരാകൃതിയുമില്ലാത്ത കുറേ കഷ്ണങ്ങളാണ്‌ കിട്ടുന്നതെങ്കില്‍ കുഴങ്ങിപ്പോകുന്നത് ഇരുകൂട്ടരുമാണ്‌. യാതൊരു ചിത്രവും സൃഷ്ടിക്കാനാകാതെ പകച്ച് നില്‍ക്കുന്ന എഴുത്തുകള്‍ എഴുത്തുകാരനിലേയ്ക്ക് തിരിച്ചോടുകയും അയാള്‍ തിരിഞ്ഞോടുകയും ചെയ്തേക്കാം .

എഴുത്തുകാരനോട് വിശദീകരണം ആവശ്യപ്പെടേണ്ട അവസ്ഥ വരുകയെന്നത് ഏറ്റവും ഭാഗ്യഹീനമായ കാര്യമാണ്‌. സ്വയം അത്രയ്ക്ക് വെട്ടിലായിപ്പോയ ഒരാള്‍ക്കേ അത് സംഭവിക്കൂ. അതാകട്ടെ സ്വന്തം വൈരൂപ്യത്തെ കാമിച്ച് കാമിച്ചില്ലാതാകുന്നു. എഴുത്തുകാരനും വായനക്കാരനും വൈകാരികതയോടെയേ അത് മനസ്സിലാക്കൂ.
താന്‍ ജീവിക്കുന്ന കാലത്തിനോടും സമൂഹത്തിനോടും എന്തൊക്കെയോ ഉച്ചത്തില്‍ പറയാനുള്ള ത്വര കൊണ്ടാണല്ലോ എഴുതിപ്പോകുന്നതും പുറത്തേയ്ക്കയക്കുന്നതും . തനിക്ക് ശരിയെന്ന് തോന്നുന്നത് എഴുതാനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാണ്‌ ചെറുതെങ്കിലും ഒരു സമൂഹം ആ എഴുത്തുകളെ പരിഗണിക്കുന്നത്. തീര്‍ച്ചയായും അവരുടേ അഭിപ്രായം അറിയാനുള്ള ആകാംക്ഷ എഴുത്തുകാരനുണ്ടാകും . അല്ലെങ്കില്‍ തന്റെ എഴുത്ത് എങ്ങിനെ സ്വീകരിക്കപ്പെടുമെന്ന പേടി. എന്ത് ചോദ്യത്തിനും ഉത്തരം തന്റെ കൈയ്യിലുണ്ടെന്ന ആത്മവിശ്വാസം തന്നെയാണ്‌ എഴുത്തുകാരനെ അപ്പോഴെല്ലാം ജീവിപ്പിച്ച് നിര്‍ത്തുന്നത്. എഴുത്തുകാരന്‍ പ്രതികരിക്കും എന്ന വിശ്വാസം ഉള്ളത് കൊണ്ടാണ്‌ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. അപ്പോഴാണ്‌ ശരിക്കും വായന നടക്കുന്നൂയെന്ന് പറയാനാകുക. ഇതെല്ലാം നിഷേധിച്ച് ഒറ്റയ്ക്കൊരു നിലനില്‍പ്പ് എഴുത്തെന്നല്ല ഒരു കലാരൂപത്തിനും ഇല്ല.



ഓരോരോ കാലത്തിലും ഉയര്‍ന്ന് വരുന്ന ചിന്തകളെ കലാകാരന്മാര്‍ തങ്ങളുടെ മാധ്യമത്തിലൂടെ പ്രഖ്യാപിക്കാറുണ്ട്. കലയിലൂടെയാണ്‌ ചിന്തകള്‍ സമൂഹത്തിലേയ്ക്കെത്തുന്നത്. പിക്കാസോയും ദാലിയുമെല്ലാം ചിത്രകലയിലുടെ അത് പറയുമ്പോള്‍ തങ്ങള്‍ വിശ്വസിക്കുന്ന തത്വചിന്തയുടെ, മൂവ് മെന്റിന്റെ ശക്തമായ അടിത്തറയുണ്ടാകും . ഏത് പ്രതിരോധത്തേയും നേരിടാനുള്ള ആശയപരമായ അല്ലെങ്കില്‍ ചിന്താപരമായ വ്യക്തത അവര്‍ക്കെല്ലാമുണ്ടായിരുന്നു. അങ്ങിനെ വരുമ്പോഴാണ്‌ പല ചിന്തകള്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാകുന്നത്. സാര്‍ത്രേയും കാമുവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഓര്‍ക്കാം . അവിടെ ആര്‌ ജയിച്ചു തോറ്റു എന്നതിനല്ല പ്രസക്തി, ആ ചിന്താപരമായ ഏറ്റുമുട്ടലുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പുതിയ ആശയങ്ങളാണ്‌. അവര്‍ വൈകാരികമായി, എന്നെ നോവിക്കുന്നേയെന്ന് പറഞ്ഞുകൊണ്ടിരുന്നെങ്കില്‍ അവരുടെ അത്രയും കാലത്തെ അധ്വാനം പാഴായേനെ. ആരോഗ്യകരമായ പങ്കുവയ്ക്കലുകളും കലഹങ്ങളും തന്നെയാണ്‌ എപ്പോഴും കലയുടെ ഉയര്‍ച്ചയ്ക്ക് നിദാനം .

തന്റെ മുന്‍ഗാമികള്‍ പണിതിട്ട തൂണുകള്‍ പൊളിച്ചും അടുക്കിയും ഉയര്‍ത്തിയും അവര്‍ തങ്ങളുടേ ചിന്തകള്‍ക്ക് മിഴിവേകുന്നു. അവിടേ നടക്കുന്നത് അനുകരണമല്ല, പൊളിച്ചെഴുത്താണ്‌.

വായിക്കുന്തോറും ആശയങ്ങളുടെ പുതിയ മേഖലകളിലേയ്ക്ക് വായനക്കാരനെ ക്ഷണിക്കുന്നതാണ്‌ യഥാര്‍ഥ സൃഷ്ടി. അല്ലാതെ വായിക്കുന്നിടത്ത് തന്നെ നിര്‍ത്തി വെയില്‍ കൊള്ളിക്കുന്നതല്ല.



കവിതയെ കണ്ടുപിടിക്കല്‍ .

കവിതയെഴുത്ത് എളുപ്പമുള്ള കാര്യമാണെന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടെന്ന് മനസ്സിലായി. കവിത അങ്ങനെയങ്ങ് എഴുതിയുണ്ടാക്കുന്നതാണോ? അത് ഒരു പ്രത്യേക അവസ്ഥയില്‍ സ്വയം വെളിപ്പെട്ട് വരുന്നതല്ലേ? മനസ്സില്‍ എഴുതപ്പെട്ട് കഴിഞ്ഞ വരികള്‍ക്ക് വാക്കുകകളിലൂടെ അസ്ഥിത്വം കൊടുക്കുകയാണ്‌ കവി. കവിത മാത്രമല്ല, എല്ലാ എഴുത്തും . സാധാരണ വാക്കുകളുടേ ആ പ്രത്യേക സമന്വയം തന്നെയാണ്‌ കവിതയെ കവിതയാക്കുന്നത്. കവിയുടെ പ്രതിഭ. അതില്ലെങ്കില്‍ അത് വെറും വെറും വര്‍ത്തമാനമായിപ്പോകും . കവിതയ്ക്കായി പ്രത്യേക പദാവലിയൊന്നും നിലവില്ലല്ലോ, എന്നും ഉപയോഗിക്കുന്ന വാക്കുകള്‍ കൊണ്ട് തന്നെ വേണ്ടേ കവിത രചിക്കാന്‍ .


ഭൂമി തുരന്ന് കവിത കണ്ടുപിടിക്കേണ്ട ഗതികേടൊന്നും വായനക്കാരനില്ല. അത്ര അത്യാവശ്യമാണെങ്കില്‍ അയാളുടെ ഇഷ്ടം . കവിത സ്വയം പ്രകാശിക്കുന്നതാണ്‌. അതവിടെയുണ്ടെങ്കില്‍ ആസ്വാദകരുടെ കണ്ണില്‍പ്പെടാതെ പോവില്ല.

ഇത്രയും വലിച്ച് നീട്ടിപ്പറഞ്ഞതിന്‌ ക്ഷമിക്കുക. നിലവിലുള്ളതിനെ തകര്‍ക്കുകയെന്നത് തന്നെയാണ്‌ കലയുടെ ഉദ്ദേശം . അത് ജീവിതത്തേയും മാറ്റിമറിയ്ക്കുന്നു. പാമ്പ് തൊലിയടര്‍ത്തുന്നത് പോലെ ഓരോ കാലത്തിലും കല പുതിയ കുപ്പായം ധരിച്ച് വരുന്നു. പക്ഷേ, നമ്മള്‍ പഴയതിനെ പാടെ ഉപേക്ഷിക്കുന്നുമില്ല, കാരണം അവയും ഒരിക്കല്‍ അഴിച്ച് കളഞ്ഞ വേഷം പുറകിലുണ്ട്.



വൃദ്ധസദനം എന്ന നോവലിന്‌ ശ്രീ. സക്കറിയ എഴുതിയ അവതാരികയിലെ ചില വരികള്‍ കടമെടുത്ത് തല്‍ ക്കാലം വിട പറയട്ടെ.

'ആസ്വാദനം ഒരു വിശിഷ്ട പ്രവൃത്തിയായിത്തീരുന്നു. ഒരു ബോധപൂര്‍ വ്വമായ സംരംഭം . അതിന്റെ അപകടം സാധാരണവായനക്കാരന്‍ കലയില്‍ നിന്ന് അകന്ന് പോകുന്നു എന്നതാണ്‌. അവന്‍ കലയില്‍ വെല്ലുവിളിയോ ഭീഷണിയോ പതിയിരിപ്പുണ്ടെന്ന് പേടിക്കുന്നു. കാരണം അവന്‍ ലളിതഹൃദയത്തോടെ , സുഖത്തോടെ , വായിച്ചതും കണ്ടതും കേട്ടതുമൊന്നുമല്ലത്രേ വാസ്തവത്തില്‍ കലയിലുള്ളത്. ഇതോടെ അവന്‍ കലയെ കരുതലോടേയും വിമ്മിട്ടത്തോടേയും സമീപിക്കാന്‍ തുടങ്ങുന്നു. അവനെ അപകര്‍ ഷതകള്‍ ബാധിക്കുന്നു. നമ്മുടെ ആധുനികം , അത്യന്താധുനികം , ആധുനികോത്തരം എന്ന ലേബലുകള്‍ ഒട്ടിച്ച് വച്ചിരിക്കുന്ന സാഹിത്യത്തിന്‌ പറ്റിയ അക്കിടി അതാണ്‌. അത് വരികളിലൂടെയല്ല, വരികള്‍ക്കിടയിലൂടെ വായിക്കേണ്ട ഒന്നായി സ്വയം പരിചയപ്പെടുത്തുകയും ദര്‍ശിക്കുകയും ചെയ്യുന്നു- എഴുത്തുകാരനും സാഹിത്യവിദഗ്ദ്ധന്‍ മാരും ഒരുപോലെ ഈ ചടങ്ങിന്‌ കൂട്ട് നിന്നു. …'

Sunday, November 1, 2009

പ്രിയപ്പെട്ട എഴുത്തുകാരേ, വായനക്കാരേ..

കലാകാരന്‍ എന്തൊക്കെയോ പറയാന്‍ ആഗ്രഹിക്കുന്നു, പങ്ക് വയ്ക്കപ്പെടാനുള്ള എന്തൊക്കെയോ അയാളെ സൃഷ്ടിയിലേയ്ക്ക് നയിക്കുന്നു. അത് പ്രസിദ്ധീകൃതമാകുന്നതിലൂടെ ആസ്വാദകരെ തന്റെ സൃഷ്ടിയിലേയ്ക്ക് ക്ഷണിക്കുകയാണ്‌ കലാകാരന്‍ . വെറും ആത്മഭാഷണം ആകരുത് തന്റെ ചിന്തകള്‍ എന്ന ആഗ്രഹം അയാളെ ആസ്വാദകരെ തേടാന്‍ പ്രേരിപ്പിക്കുകയാണ്‌. പിന്നീട് നടകുന്നത് ഒരു തരം ഇണചേരലാണ്‌. കലാകാരനും ആസ്വാദകരും തമ്മില്‍ . അതില്‍ സം തൃപ്തിയും അതൃപ്തിയുമെല്ലാം പങ്ക് വയ്ക്കപ്പെടുന്നു. ചിലപ്പോള്‍ പരാജയം സം ഭവിക്കുന്നു.

ആ നിലയ്ക്ക് എന്റെ സൃഷ്ടികളിലേയ്ക്ക് എത്തി നോക്കാന്‍ തന്നെ ആര്‌ ക്ഷണിച്ചൂയെന്ന കലാകാരന്റെ ചോദ്യം അയാളുടെ ഭീരുത്വമാണ്‌ വെളിവാക്കുന്നത്.

സം വേദനശേഷി തന്നെയാണ്‌ സൃഷ്ടിയുടെ മാറ്റുരയ്ക്കുന്നത്. ഏത് മാധ്യമമായാലും സൃഷ്ടി ആസ്വാദകരോട് സം സാരിക്കുകയാണ്‌. അതിന്‌ പരാജയപ്പെടുന്ന സൃഷ്ടി, കലാകാരന്റേ പരാജയമാണ്‌. അത് സമ്മതിക്കാന്‍ വിമുഖത കാണിക്കുകയും ആസ്വാദകരെ ഒന്നടങ്കം മണ്ടന്മാര്‍ എന്ന് വിളിക്കുകയും ചെയ്യുന്നതിലൂടെ എന്താണ്‌ പങ്കുവയ്ക്കപ്പെടുന്നത്?

ഇത്രയും എഴുതിയത്, ശ്രീ.ലതീഷ് മോഹന്റെ പുതിയ കവിതയെക്കുറിച്ചുണ്ടായ വിവാദങ്ങളും ലഹളകളും കണ്ടിട്ട് തന്നെയാണ്‌. പല നിരൂപണങ്ങളും ബാലിശമായിരുന്നെന്നും പറയട്ടെ. പ്രസ്തുത കവിത വായനക്കാരെ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞതിനപ്പുറം ഒന്നും തന്നെ അതിലൊന്നും ചര്‍ ച്ച ചെയ്യപ്പെടുകയുണ്ടായില്ല. പിന്നീട് വ്യക്തിവൈരാഗ്യം വരെയെത്തി കാര്യങ്ങള്‍ . അതിനൊന്നും ഇവിടെ അഭിപ്രായം പറയുന്നില്ല, അതങ്ങിനെ പോകട്ടെ.


എല്ലാവര്‍ ക്കും എന്തൊക്കെയോ പറയാനുണ്ട്, ചര്‍ ച്ച ചെയ്യാനുണ്ട്. അത് മഹത്തായ രൂപത്തില്‍ പുറത്ത് വരുമ്പോഴാണ്‌ സാഹിത്യം , അല്ലെങ്കില്‍ വെറും വാക്കുകള്‍ . ഉള്ളിലുള്ളത് അതേ പോലെ പ്രതിഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ മറ്റ് സങ്കേതങ്ങളും ശൈലികളും തേടിപ്പോകാന്‍ എഴുത്തുകാരന്‍ പ്രേരിപ്പിക്കപ്പെടുന്നു. അതിലൂടെ കൂടുതല്‍ വ്യക്തമായ പ്രകടിപ്പിക്കലാണ്‌ സാധ്യമാകുന്നത്. അതിനും കഴിഞ്ഞില്ലെങ്കില്‍ കവി പരാജയം തന്നെ, അത് സമ്മതിക്കാന്‍ തയ്യാറാകുന്നത് കവിയുടെ ചങ്കൂറ്റം പോലെയിരിക്കും .

കവിയുടെ ഭാഷ കവിയുടേത് തന്നെ. അതിലേയ്ക്ക് വായക്കാരനെ കൊണ്ടുവരേണ്ടതും കവിയുടെ ജോലിയാണ്‌. ചിലപ്പോള്‍ വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടേക്കാം . അത് നല്കേണ്ടതും കവി തന്നെ, അതല്ലാതെ..സ്വന്തം ഭാഷയില്‍ ലവലേശം സം ശയമില്ലാതെ വായക്കാരെ കുറ്റപ്പെടുത്തുന്നതും അജ്ഞതയാണ്‌.

വായിക്കാന്‍ ആര്‌ പറഞ്ഞൂയെന്ന് ചോദിക്കാന്‍ കവിയ്ക്ക് അവകാശമില്ല. വായിക്കപ്പെടാനാണ്‌ പ്രസീദ്ധീകരിച്ചത്. അല്ലെങ്കില്‍ എഴുതി മടക്കി വച്ചാല്‍ മതിയാകുമല്ലോ.എത്രയൊക്കെ ന്യായങ്ങള്‍ നിരത്തി വച്ചാലും വായനക്കാര്‍ എന്ന സമൂഹത്തെ മുന്നില്‍ കണ്ട് തന്നെയായിരിക്കണമല്ലോ എഴുത്ത് നടന്നത്. അപ്പോള്‍ ഇങ്ങനെയൊരു ബാലിശമായ എതിര്‍ പ്പ് എന്തിനാണ്‌?

ശ്രീ. ലതീഷ് മോഹന്റെ കവിതകള്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു വായനക്കാരനാണ്‌ ഈയുള്ളവന്‍ . ചിലപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കുകയും ചെയ്യാറുണ്ട്. എന്റെ എഴുത്ത് ആളുകള്‍ ക്ക് മനസ്സിലാകാന്‍ വേണ്ടിത്തന്നെയാണ്‌. അല്ലാതെ എന്റെ ഭാഷയിലെയ്ക്ക് അവരെ കഴുത്തിന്‌ പിടിച്ച് കൊണ്ടുവരാനല്ല.

ഒരു ഇഷ്ടകവി മനസ്സില്‍ നിന്ന് കൊഴിഞ്ഞ് പോകുന്നത് വിഷമമുണ്ടാക്കുന്നു. പക്ഷേ, ഇഷ്ടകവി ഇഷ്ടക്കേട് കാണിക്കുമ്പോള്‍ വേറെ നിവൃത്തിയില്ല.

മുഖസ്തുതികാരെ മാത്രം വച്ച് പൊറുപ്പിക്കുന്ന ശീലം കലാകാരന്‌ നല്ലതല്ല, ആര്‍ക്കും

Tuesday, October 20, 2009

ത്രില്

ത്രില് എന്താണെന്ന് മറന്ന് പോയിരിക്കുന്നു.
പനിയുടെ ചെറിയ ഓളത്തിലൂടെ അയാള് ആലോചിച്ചു. വിരസമായും പിന്നേയും വിരസമായും കുറേക്കാലം കടന്ന് പോയിരിക്കുന്നു, പോകുന്നു. അടുത്ത കാലത്തൊന്നും ഒന്നിനോടും ഒരു അടുപ്പം തോന്നിയിട്ടില്ല. ഒന്നും തന്നെ ഇളക്കിയിട്ടില്ല.

വേനലിലും കുളിരുന്ന ദേഹം . പുതപ്പിനുള്ളില് വിയര് ക്കാന് കിടന്നപ്പോള് അയാള് എപ്പോഴും അനാവശ്യമെന്ന് മാറ്റി വച്ചിരുന്നതൊക്കെ മനസ്സിലെടുത്തു. ചിലന്തിമുട്ട പൊട്ടിയപോലെ ചിന്തകള് തലയ് ക്കുള്ളില് നാല് പാടും പാഞ്ഞു. അച്ചുതണ്ടില്ലാതെ തിരിയുന്ന മനസ്സ്. അയാള് ക്ക് മടുത്തു, മടുത്ത് മടുത്ത് മടുത്ത് മടുത്ത് മടുത്ത് മടുത്തു.

മടുപ്പ് ഒരു ശീലമാകുന്നില്ല, അത് ഒരു അവയവം പോലെ. ഏത് അവയവം ? അയാള് ആലോചിച്ചു. ലിംഗം പോലെ..അയാള് തന്നെ ഉത്തരം പറഞ്ഞു. ചൂടുള്ള ഒരു ചിരി തികട്ടി വന്നു.

ഇന്നത്തെ ദിവസം ഭീകരമാകാന് പോകുകയാണെന്ന് മനസ്സിലായി. ഒറ്റയ്ക്ക് ഈ മുറിയില് ശവാസനത്തില് .. ഇതിനേക്കാള് ഭീകരം എന്തായിരിക്കും ?

പ്രജോദ് എന്ന താന് , ഇന്നത്തെ ദിവസം , അത്ഭുതങ്ങള് ഒന്നും സം ഭവിച്ചില്ലെങ്കില് , ഒരേ കിടപ്പ് കിടക്കും . ആരെയെങ്കിലും കണ്ടിരുന്നെങ്കില് ഫക്ക് ഓഫ് എന്നെങ്കിലും പറയാമായിരുന്നു.

പത്ത് മണിയാകുന്നതേയുള്ളൂ. ഓഫീസില് പണിത്തിരക്ക് ലോഗ് ഇന് ചെയ്യുന്ന സമയം . മനേജറുടെ തലയില് വെളിച്ചപ്പാടുണരുന്ന നേരം . ഒന്ന് വിളിച്ച് ലീവാണെന്ന് പറഞ്ഞേക്കാം . അയാള് ഫോണ് ഞെക്കി. അതിഭയങ്കരമായ രോഗവുമായി താന് മല്ലിട്ടുകൊണ്ടിരിക്കുകയാണെന്ന് മേലധികാരിയെ അറിയിച്ചു. താനനുഭവിക്കുന്നതിനും വലിയ തണുപ്പന് മറുപടി.

ഇപ്പോള് തന്റെ മേശയും കസേരയും പനി പിടിച്ച് വിറയ്ക്കുന്നുണ്ടാകും .

ഉറങ്ങാന് ശ്രമിച്ചു. കുറച്ചൊക്കെ പറ്റുന്നുണ്ട്. പക്ഷേ, ഒന്ന് മൂര് ച്ഛിച്ച് വരുമ്പോഴേയ്ക്കും മുറിയും . മുറിവുണങ്ങാന് സമയമെടുക്കും .

വാതിലില് ആരോ മുട്ടുന്നത് കേട്ടപ്പോള് ദേഷ്യമാണ് വന്നത്. വാതില് തുറക്കും വരേയ്ക്കും മാത്രം. ഇങ്ങനെയൊരു സമയത്ത് ലതികയെ കാണുന്നതല്ലാതെ വേറെന്ത് ആഹ്ലാദം വരാന് !

അവള് അവധിയെടുത്ത് വന്നിരിക്കുന്നു. തന്റെ പനിയളക്കാന് .

നെറ്റിയിലും കഴുത്തിലും കൈ വച്ച് നോക്കിയിട്ടവള് നിസ്സാരമെന്ന് മുഖം ചുളിച്ചു. ഒരു ഗുളികയില് മാറാവുന്ന ചൂട്. ഇനിയിപ്പോള് ഗുളികയില്ലെങ്കിലും മാറാവുന്ന ചൂടേയുള്ളൂയെന്ന് അയാള് ക്ക് തോന്നി.

അയാള് ക്ക് കാഴ്ചയെല്ലാം മഞ്ഞച്ച് പോയിരിക്കുന്നു. അവളെപ്പോലും ഒരു മഞ്ഞ പടലത്തിലൂടെയാണ് കാണുന്നത്. അവള് മഞ്ഞച്ച് ചിരിക്കുന്നു, മഞ്ഞച്ച് സം സാരിക്കുന്നു, മഞ്ഞച്ച് കാപ്പിയിടുന്നു, മഞ്ഞച്ച് അടുത്തിരിക്കുന്നു.

അവള് അടുത്തിരുന്നപ്പോള് അവളുടെ ഇറുകിയ ടീ ഷര് ട്ടില് മഞ്ഞച്ച മുലക്കണ്ണിന്റെ പാട് കണ്ടു. അവള് അനങ്ങുമ്പോള് അത് മഞ്ഞച്ചിളകുന്നത് കണ്ടു. നോട്ടം മാറ്റാന് തോന്നിയില്ല. മുന് പും അവള് മുലയോടെയാണ് വന്നിരുന്നതെങ്കിലും ഇത്ര തീക്ഷണമായി ശ്രദ്ധിച്ചിരുന്നില്ല. നല്ല സുഹൃത്തിന് മുലയുണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്?

അവള് ഒന്നും അറിയുന്നില്ല. തന്റെ കണ്ണുകളെ ശ്രദ്ധിക്കുന്നില്ല. ഫ്ലോറന് സ് നൈറ്റിങേലിനെപ്പോലെ ലതിക ആതുരസുശ്രൂഷയില് മുഴുകുന്നു.

ശവം .. എപ്പോഴോ അയാള് ക്കങ്ങിനെ തോന്നി. മഞ്ഞച്ച ശവം . എത്രയോ ചുവന്ന രാത്രികളില് അവള് തന്റെ കൂടെ നഗരമലഞ്ഞിരിക്കുന്നു. പബ്ബുകളില് കുടിച്ച് കൂത്താടിയിരിക്കുന്നു. പച്ചമരങ്ങള് ക്കിടയിലൂടെ കൈ കോര് ത്ത് നടന്നിരിക്കുന്നു.

സുഹൃത്തേ, സത്യം പറഞ്ഞാല് ഇവനും ഒരു ശവം തന്നെ. അത്രയോ രാത്രികളിലൊന്നും പറയാതിരുന്നതെന്തിന്?.

മടുപ്പിന് ചെറുതായി ജീവന് വയ്ക്കുന്നതറിഞ്ഞു. അനുസരണക്കേട് കാട്ടാന് വിതുമ്പുന്നു. തിളയ്ക്കുന്ന രക്തം ഇരമ്പുന്നു.

മഞ്ഞച്ച നോട്ടം മാറ്റാന് പറ്റുന്നില്ല. അവള് പറയുന്നതൊന്നും കാതില് വീഴുന്നില്ല. കാതുകളും അവളെ നോക്കുകയായിരുന്നെന്ന് തോന്നുന്നു.

എപ്പോഴോ അവള് മനസ്സിലാക്കി. പെട്ടെന്ന് വാക്കുകളുടെ താളം തെറ്റി.മോഷണം ചെയ്ത് കുട്ടിയെപ്പോലെ എന്തോ ഒളിപ്പിക്കാന് ശ്രമിക്കുന്നു.

തങ്ങള് ക്കിടയില് പെട്ടെന്ന് എന്തോ വളര് ന്നിരിക്കുന്നു. ബോധമായിരിക്കണം .

പിന്നീട് ഒരു കണ്ണാടിച്ചുവരിന് അപ്പുറമിപ്പുറമെന്ന പോലെ എന്തൊക്കെയോ അനാവശ്യവചനങ്ങള് .

അവള് ക്ക് പോകാന് ധൃതിയാകുന്നു.

തന്റെ കണ്ണുകള് ശാന്തമായെന്ന് തോന്നിയപ്പോള് അയാള് ജാള്യത മറയ്ക്കാന് ശ്രമിച്ചു.

അവള് അടുക്കളയില് പോയി ഉച്ചഭക്ഷണം തയ്യാറാക്കി. വൈകുന്നേരം വരുമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.

മടുപ്പ് തിരിച്ചെത്തിയിരിക്കുന്നു

അവള് കൊണ്ടുവന്ന ഗുളിക കഴിച്ചപ്പോല് ഉറക്കം തോന്നുന്നുണ്ട്. തല വഴി പുതപ്പിട്ട് അയാള് ഉറങ്ങി.

വൈകുന്നേരം അവള് വരാതിരിക്കില്ല…………

…………………..ത്രില് എന്താണെന്ന് വൈകുന്നേരവും ഓര് മ്മ വന്നില്ല. മഞ്ഞുരുകിയ ഒരു ദിവസമാണെങ്കിലും . സൌഹൃദത്തിന്റെ വരമ്പുകള് കെട്ടിപ്പടുത്തിരുന്നില്ല താന് . കുറഞ്ഞത് അവളുടെ മൂക്കിന് തുമ്പ് വരെയെങ്കിലും വേണമായിരുന്നു.

എങ്കിലും അവള് വന്നു. വൈകുന്നേരം പനിയളന്നു. അപ്പോഴും മോഷണദ്രവ്യം ഉപേക്ഷിച്ചിരുന്നില്ല.

പനി പൂര് ണ്ണമായും മാറിയിരിക്കുന്നു. പുറത്തേയ്ക്ക് പോകാമെന്ന് പറഞ്ഞപ്പോള് വിസമ്മതിച്ചില്ല. പക്ഷേ, അവളിപ്പോള് ടീ ഷര് ട്ടിന് മേലെ ഒരു ഷാള് ധരിച്ചിരുന്നത് അയാളെ അലോസരപ്പെടുത്തി. അലുക്കുകള് ഉള്ളതാണെങ്കിലും , മനോഹരമാണെങ്കിലും നമുക്കിടയില് ഇതെന്തിനെന്ന് അയാള് ആയിരം വട്ടം സ്വയം ചോദിച്ചു.

ഗോല് ക്കൊണ്ട കോട്ടയുടെ ഉച്ചിയിലിരുന്ന് വിശാലമായ തെലുങ്കന് പ്രദേശങ്ങള് കണ്ടുകൊണ്ട് അവരിരുന്നു. സന്ധ്യ മയങ്ങിത്തുടങ്ങുന്നു. ചെങ്കണ്ണ് വന്ന പോലെ സൂര്യന് പഴുത്തിറങ്ങുന്നു.

അവര് അത്രയും നേരം കാര്യമായൊന്നും തന്നെ സം സാരിച്ചിരുന്നില്ല. ചരിത്രസ്മാരകങ്ങള് ക്കിടയില് , വര് ഷങ്ങളും പേരുകളും കൊത്തിയ ഫലകങ്ങളിലൂടെ പരസ്പരം ശബ്ദങ്ങളെ തിരിച്ചറിഞ്ഞ് അവര് കോട്ട ചുറ്റി. രാവണന് കോട്ട.

ഇരുട്ടായപ്പോള് ആദ്യമായി അവള് വ്യക്തിപരമായ ഒരു ചോദ്യം അയാളോട് ചോദിച്ചു.

" ഇനി വൈകിയാല് കുഴപ്പമാകും , ഗേറ്റ് പൂട്ടും ..പോകാം ?"

എല്ലാ ത്രില്ലും നഷ്ടപ്പെട്ട അയാള് ആര് ത്ത് വിളിച്ച് കൊണ്ട് അപ്പോഴിരുന്ന കുന്നിന്റെ നെറുകയിലേയ്ക്കോടി. അവളെ കറുത്ത നോട്ടത്താല് ദഹിപ്പിച്ച് വസ്ത്രങ്ങള് ഓരോന്നായി ഊരിയെറിഞ്ഞു.

എവിടെയൊക്കെയോ എരിയുന്ന വിളക്കുകളുടെ അരണ്ട വെളിച്ചത്തില് അയാളുടെ നഗ്നത അവള് ക്ക് നേരെ വെല്ലുവിളിയുയര് ത്തി നിന്നു.

അവളും എന്ത് ചെയ്യാന് ,അവസാനത്തെ വസ്തവും ഊരിയെറിഞ്ഞ് കുന്നിന് മുകളില് കയറി അവളും ആര് ത്ത് വിളിച്ചു.

" ഫക്ക് ഓഫ് ഫ് ഫ് ഫ് ഫ് "

Monday, October 12, 2009

ബോയ് ഫ്രണ്ട്

വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ വെളിച്ചം ജനലഴികളില്‍ മുറിഞ്ഞ് മുറിയില്‍ പതിച്ചപ്പോള്‍ സൂരജ് ഉണര്‍ന്നു. ഉറങ്ങുക, ഉണരുക എന്നിങ്ങനെ കൃത്യമായി ദിവസങ്ങള്‍ കടന്ന് പോകുകയായിരുന്നതിനാല്‍ അയാള്‍ക്ക് വേറൊന്നും ആലോചിക്കേണ്ടിവന്നില്ല. പുതപ്പ് തലയ്ക്ക് മീതേ വലിച്ചിട്ട് ചുരുണ്ടുകൂടി കിടന്നു. വെയിലിന്‌ കനം വയ്ക്കുകയായിരുന്നു. മയക്കത്തിലായിരുന്നെങ്കിലും വിശപ്പ് ഒരു യഥാര്‍ഥ അനുഭവമായി അയാളെ ഉണര്‍ത്തി. വിശക്കുന്നില്ലായെന്ന് സ്വപ്നം കാണാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ കിടക്ക വിട്ടെണീറ്റു.

ഉറക്കത്തിന്റെ എന്തൊക്കെയോ കിടക്കയില്‍ അവശേഷിച്ചിട്ടുണ്ടെന്ന പോലെ അയാള്‍ പുതപ്പെടുത്ത് കിടക്കയില്‍ തട്ടി. ഏതോ പുരാതനകാലത്തിലേയ്ക്ക് ക്ഷണിക്കും വിധം ധൂമകേളികള്‍ പാറി. രണ്ട് ചെറിയ കല്ലുകളും തെറിച്ചു. ഇതെവിടെന്ന് വന്നുവെന്ന് ചിന്തിക്കുമ്പോള്‍ വീണ്ടും വിശപ്പ്.

പ്രണയത്തെക്കുറിച്ച് പറയാനുദ്ദേശിച്ച് ഈ കഥ വിശപ്പിനെക്കുറിച്ചായിപ്പോകുമോയെന്ന് ഭയന്ന് അയാള്‍ ഒരു കട്ടന്‍ കാപ്പിയുണ്ടാക്കി. ചില്ല്‌ ഗ്ലാസ്സില്‍ ആവിയുയര്‍ത്തിക്കൊണ്ട് അയാളൂടെ കൈയ്യിലെ കാപ്പി തൊണ്ടയിലൂടെ പ്രയാണം ചെയ്യാന്‍ ചൂളം വിളിച്ചു. വിശപ്പ് താല്ക്കാലികമായി നിരോധിക്കപ്പെട്ടു.

പ്രണയം തിരിച്ചെത്തി. അയാള്‍ ആരെക്കുറിച്ച് ആലോചിക്കണമെന്ന് ആലോചിച്ചു. ഒരുപാട് പേരുകള്‍ ഓര്‍മ്മ വന്നു, ഒരുപാട് മുഖങ്ങള്‍ തെളിഞ്ഞ് വന്നു. മല്‍സരത്തില്‍ രതിപ്രിയ ജയിച്ചു.

അങ്ങനെയാണ്‌ ഈ കഥയിലെ നായികയായി രതിപ്രിയ തിരിച്ചെത്തുന്നത്. കാര്യമായ പണിയൊന്നുമില്ലെങ്കിലും , അഭ്യസ്ഥവിദ്യനായ തൊഴിലന്വേഷിയാണെങ്കിലും അയാള്‍ നിരാശനായിരുന്നില്ല. ചില പഴയ സിനിമകളിലെപ്പോലെ ജനലിലൂടെ നോക്കിയാല്‍ നഗരം കാണാവുന്ന മുറിയിലിരുന്ന് തന്റെ ഗ്രാമത്തെക്കുറിച്ചോര്‍ക്കുകയും അന്നത്തെ ദിവസത്തെ ഇന്റര്‍വ്യൂ നടക്കാനിടയുള്ള സ്ഥാപനങ്ങളുടെ പേരും വിലാസവും തൊഴില്‍ വാര്‍ത്തയില്‍ നോക്കി മനസ്സിലാക്കുകയും ചെയ്യുമ്പോഴും പ്രതീക്ഷയുടെ ഒരു നേര്‍ത്ത ഞരമ്പ് അപ്പോഴും അയാളുടെ ശരീരത്തിലെവിടെയോ രക്തം ഒഴുക്കിയിരുന്നു.

ഇതിനിടയില്‍ രതിപ്രിയ അയാളുടെ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചതെങ്ങിനെയെന്നാല്‍ , നാല്‌ ഇന്റര്‍വ്യൂകളില്‍ അവരൊന്നിച്ച് പങ്കെടുത്തിരുന്നു. രണ്ടാള്‍ക്കും ജോലി കിട്ടിയതുമില്ല. പക്ഷേ, ബാലന്‍സ് തെറ്റിക്കാതിരിക്കാന്‍ രതിപ്രിയ ഒരു പണക്കാരന്റെ മകളായിരുന്നു. കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ അവര്‍ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങി. സൂരജിന്‌ ജോലി ഉടനെ ജോലി കിട്ടുമെന്നും എന്നിട്ട് വിവാഹക്കാര്യം സംസാരിക്കാമെന്നും പക്വതയുള്ള കാമുകിയായി അവള്‍ അയാളെ സമാധാനിപ്പിച്ചു.

അയാളും സമാധാനിച്ചു.

അങ്ങിനെ ഉണരുകയും ഉറങ്ങുകയും അവളെക്കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്ത് ജീവിതം തള്ളിനീക്കുകയാണ്‌ അയാള്‍ . നഗരത്തില്‍ ഇന്നയാള്‍ക്ക് രണ്ട് ഇന്റര്‍വ്യൂ ഉണ്ട്. അയാള്‍ക്കെന്തോ പോകണമെന്ന് തോന്നിയില്ല. ചുമ്മാ മടിപിടിച്ചിരിക്കാന്‍ തോന്നി. അവള്‍ പോകുന്നില്ലെന്ന് ആദ്യമേ അറിയിച്ചിരുന്നു.

വെയില്‍ മുറിയുടെ ഒരു ഭാഗം അപഹരിച്ചിരിക്കുന്നു. കിടക്ക ചൂട് പിടിയ്ക്കുന്നു. കുറച്ച് കൂടി ഉറങ്ങണമെന്ന് തോന്നിയെങ്കിലും ചൂട് അതിനനുവദിച്ചില്ല. പഴയ പുസ്തകങ്ങള്‍ വില്‍ ക്കുന്ന തെരുവില്‍ നിന്നും വാങ്ങിയ ഡിക്റ്ററ്റീവ് നോവല്‍ ഒരെണ്ണം വായിക്കാനെടുത്തു. പണ്ട് അയാള്‍ ക്ലാസ്സിക്കുകളും ആധുനിക സാഹിത്യത്തിലെ പ്രശസ്തരെയും മാത്രമേ വായിക്കാറുള്ളായിരുന്നു. പക്ഷേ, ഇപ്പോള്‍ കുറച്ച് ജീവിതം ജീവിച്ച് തീര്‍ത്തതിന്റെ അനുഭവത്തിലായിരിക്കണം , ഡിക്റ്ററ്റീവ് നോവലുകള്‍ പ്രേതകഥകള്‍ എന്നിവയൊക്കെയേ താല്‍പര്യം തോന്നുന്നുള്ളൂ. അത് ഉറപ്പിക്കാന്‍ വേണ്ടിയാകണം ഒരു ദിവസം അയാള്‍ യുദ്ധവും സമാധാനവും എന്ന നോവല്‍ കത്തിച്ച് കളഞ്ഞത്.

കുറച്ച് നേരം അഗതാ ക്രിസ്റ്റിയെ വായിച്ചപ്പോള്‍ അയാളുടെ മനസ്സുണര്‍ ന്നു. ഇന്റര്‍വ്യൂവിന്‌ പോകണ്ടായെന്ന തീരുമാനം മാറി. വേഗം കുളിച്ച് റെഡിയായി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്ത് പുറപ്പെട്ടു. ഇതിനിടയില്‍ രതിപ്രിയയെ ഒന്ന് വിളിക്കണം എന്നും തീരുമാനിച്ചിരുന്നു. ഒരു കാമുകന്റെ കടമകള്‍ മറക്കാനുള്ളതല്ലായെന്ന് അയാള്‍ ക്ക് അറിയാമായിരുന്നു. പറ്റുമെങ്കില്‍ ഒരുമ്മ കൂടി കൊടുക്കണം .

ഇന്റര്‍വ്യൂ ഭംഗിയായി നടന്നു. ഒരാഴ്ചയ്ക്കകം അറിയിക്കാമെന്ന് പറഞ്ഞ് അയാളുടെ പേരും തിരിഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ അവര്‍ ചേര്‍ത്തി. അയാള്‍ക്ക് വല്ലാത്ത സന്തോഷം തോന്നി. പുറത്തിറങ്ങി ആദ്യം തന്നെ മസാല ദോശ വാങ്ങിക്കഴിച്ചു. ചായ കുടിച്ചു. ഒരു കിങ്സ് സിഗരറ്റും വാങ്ങി വലിച്ചു. ആര്‍ഭാടപൂര്‍ ണ്ണമായ വൈകുന്നേരം . രതിപ്രിയയെ പാര്‍ക്കിലേയ്ക്ക് വരാന്‍ അറിയിച്ച് അയാള്‍ കാത്തിരുന്നു.

കൃത്യസമയത്ത് തന്നെ അവള്‍ എത്തിച്ചേര്‍ന്നു. അവര്‍ അധികം ആള്‍ത്തിരക്കില്ലാത്ത ഒരു കോണില്‍ ഇരുപ്പുറപ്പിച്ചു. രതിപ്രിയ വീട്ടില്‍ നിന്നും കൊണ്ടുവന്ന ലഡ്ഡു അയാള്‍ക്ക് കൊടുത്തു. അയാള്‍ പകുതി ലഡ്ഡു അവള്‍ക്ക് കൊടുത്തു. എന്നിട്ട് തനിക്ക് ജോലി കിട്ടാന്‍ പോകുന്ന കാര്യം അവളോട് പറഞ്ഞു. അവള്‍ ആഹ്ലാദം സഹിക്കാന്‍ വയ്യാതെ അയാളുടെ കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചു. അപ്പോഴായിരുന്നു ഉമ്മ കൊടുക്കണമെന്ന കാര്യം അയാളോര്‍ത്തത്. എന്തായാലും ഉടനെ തന്നെ ജോലി കിട്ടും , ഉടന്‍ തന്നെ അവളെ കെട്ടുകയും ചെയ്യും , അപ്പോള്‍ ഒരുമ്മയൊക്കെ കൊടുക്കുന്നത് ആരേയും മുറിവേല്‍പ്പിക്കില്ലെന്ന വിചാരമാണ്‌ അയാളെ ഇങ്ങനെ പറയിച്ചത്.

' നോക്കൂ പ്രിയേ, നമ്മള്‍ പരസ്പരം എത്രത്തോളം സ്നേഹിക്കുന്നു. അതല്ലെ എനിക്ക് ജോലി കിട്ടാന്‍ പോകുന്ന കാര്യം കേട്ടപ്പോള്‍ നിനക്ക് ഇത്ര സന്തോഷം . അറിഞ്ഞോ അറിയാതെയോ നീ മധുരവും കൊണ്ടുവന്നു. ഇനി നമ്മളിങ്ങനെ വെറും കമിതാക്കളായിരുന്നാല്‍ ശരിയാവില്ല. വരൂ നമുക്ക് എന്റെ മുറിയിലേയ്ക്ക് പോകാം .നിനക്ക് ഞാന്‍ ഉമ്മകള്‍ തരാം '

സന്തോഷം കൊണ്ട് ചുവന്ന് തുടുത്ത മുഖവുമായി ചിരിക്കുന്ന രതിപ്രിയയെ പ്രതീക്ഷിച്ച് അയാള്‍ പക്ഷേ കണ്ടത് ദേഷ്യം മൂത്ത് ചുവന്ന രതിപ്രിയയെ ആയിരുന്നു.

' സൂരജ് , നിന്നെ ഞാന്‍ ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത്. നിന്റെ മനസ്സില്‍ എന്നെക്കുറിച്ച് ഇത്ര മോശം വിചാരങ്ങള്‍ ഉണ്ടാകുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. നമ്മള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചരാണ്` . ആ നിലയ്ക്ക് വിവാഹം കഴിയാതെ എന്നെ തൊടാന്‍ പോലും നിനക്കാവില്ല. ഞാന്‍ നല്ല കുടുംബത്തില്‍ പിറന്ന പെണ്‍ കുട്ടിയാണ്‌. നിന്നെക്കുറിച്ച് ഞാന്‍ എന്തൊക്കെയോ തെറ്റിദ്ധരിച്ചു.'

ഇത്രയും പറഞ്ഞ് അവള്‍ മുഖം പൊത്തി കരയാന്‍ തുടങ്ങി.

അയാള്‍ എന്ത് ചെയ്യണമെന്നറിയാതെ വ്യാകുലപ്പെട്ടു. അവളെ സമാധാനിപ്പിക്കണോ അതോ ഈ ബന്ധത്തെക്കുറിച്ച് ഒരു പുനര്‍ വിചാരണയിലേര്‍ പ്പെടണോയെന്ന് ആശയക്കുഴപ്പത്തിലായി.

എന്തായാലും ഇന്നിനി ഒന്നിനും മൂഡില്ലയെന്ന് തീരുമാനമായി. ഒരു യാത്ര പോലും പറയാതെ അയാള്‍ എഴുന്നേറ്റ് നടന്നു. ഈ സംഭവത്തിന്‌ ശേഷം ഒരിക്കലും അവള്‍ അയാളെ വിളിക്കുകയോ കാണാന്‍ ശ്രമിക്കുകയോ ചെയ്തില്ല. അയാള്‍ക്ക് യാതൊരു നഷ്ടബോധമോ കുറ്റബോധമോ തോന്നിയതുമില്ല.

കുറച്ച് ദിവസങ്ങള്‍ക്കകം അയാള്‍ക്ക് ജോലി കിട്ടി. ജീവിതം മെച്ചപ്പെട്ടു. അയാള്‍ ക്ലാസ്സിക്കുകള്‍ വായിക്കാനും ആല്‍ബേര്‍ കാമുവിനെ ആരാധിക്കാനും തുടങ്ങി. ഡിക്റ്ററ്റീവ് നോവലുകളെ അയാള്‍ കത്തിച്ച് കളഞ്ഞു.

അവള്‍ നിരന്തരം അയാളെ കാണുവാനും സംസാരിക്കുവാനും ശ്രമിച്ചെങ്കിലും അയാള്‍ അവസരം കൊടുത്തില്ല. പിന്നീട് അവളും ഏതാണ്ട് എല്ലാം മറന്ന പോലെയായിത്തീര്‍ന്നു.

അതേ സമയം അയാളാകട്ടെ, ഓഫീസിലെ ഒരു മനോഹരിയായ യുവതിയുമായി പ്രണയത്തിലാകുകയും , സം തൃപ്തമായ ജീവിതം നയിക്കുകയും ചെയ്തു. ഒരു ദിവസം അയാള്‍ കാമുകിയുമായി ചുംബനത്തിലേര്‍പ്പെടുകയായിരുന്നു. യാദൃശ്ചികമെന്ന് പറയട്ടെ, അന്ന് രതിപ്രിയ കരഞ്ഞ അതേ സ്ഥലത്ത് വച്ചായിരുന്നു അത്.

അപ്പോള്‍ രതിപ്രിയ ആ വഴി വരാനിടയാകുകയും ഈ രംഗം കണ്ട് അവളില്‍ ഓര്‍മ്മകള്‍ തിരിച്ചെത്തി സങ്കടപ്പെടുത്തുകയും ചെയ്തു.

സഹിക്കാന്‍ വയ്യാതെ അവള്‍ അയാളുടെ തലമുടി പിടിച്ച് വലിക്കുകയും മാന്തുകയും ചെയ്തു. അയാളുടെ കാമുകി ഒന്നും മനസ്സിലാകാതെ അന്തം വിട്ട് നിന്നു.

'പറയെടാ..അപ്പോള്‍ നീ എനിക്കാരായിരുന്നു?' രതിപ്രിയ അലറി.

അയാള്‍ ഒരു ചെറിയ ചിരിയോടെ ഒരു കിങ്സ് സിഗരറ്റ് കത്തിച്ച് പറഞ്ഞു.

' ബോയ് ഫ്രണ്ട് '

------------------------------------------

ഗുണപാഠം : പാര്‍ക്കിലിരുന്ന് സിഗരറ്റ് വലിക്കരുത്

Tuesday, October 6, 2009

എന്റെ പ്രിയപ്പെട്ട കൊലപാതകങ്ങള്‍

നൂറ്റാണ്ടുകള്‍ക്ക് ശേഷം
വായിക്കപ്പെടുമ്പോള്‍
ഒന്നന്ധാളിക്കണമെന്ന്
തന്നെയായിരുന്നു
ഗൂഢോദ്ദേശം

പറഞ്ഞ് പഠിപ്പിച്ചതിനപ്പുറം
ഒന്നും ചെയ്യാനില്ലാതെ
മുഷിഞ്ഞ ചരിത്രത്തെ
വേറെങ്ങനെ ഞാനുണര്‍ത്തും ?

ഗാന്ധി, ലിങ്കണ്‍ , ഹിറ്റ്ലര്‍
മര്‍ലിന്‍ മണ്‍റോ, ജോണ്‍ എബ്രഹാം
എന്നിങ്ങനെയെത്രയോ...
ചരിത്രത്തിലിടം പിടിക്കാന്‍
കഷ്ടപ്പെട്ടവരെയെല്ലാം ഞാന്‍ കൊന്നു.

കാണാതെ പഠിച്ച്
കൊല്ലവര്‍ ഷങ്ങളും
ഊരുപേരുകളും
നിങ്ങള്‍ പരീക്ഷയിലെഴുതുമ്പോള്‍
ഞാന്‍ തയാറെടുക്കുകയാണ്‌.


അല്ലെങ്കിലും ,
എത്ര കോട്ടുവായിട്ടാണെങ്കിലും
ഒരേ ചരിത്രം തന്നെ
എത്ര നാള്‍ പഠിക്കും ?

Saturday, October 3, 2009

ആത്മാവില്‍ ആരോ ഇതള്‍ മറിയ്ക്കുന്നു

ജനലിന്നപ്പുറം
കരഞ്ഞോടുന്ന ഒരു നഗരം

ഇപ്പുറം ,
വിരസമായ കാറ്റ്
മടി പിടിച്ചിരിക്കുന്ന മുറി

വന്ന് പോയവരുടേയും
വരാനിരിക്കുന്നവരുടേയും
കാല്പാടുകള്‍ പതിഞ്ഞ നിലം

ഒന്നെഴുന്നേറ്റാല്‍
ജനലടയ്ക്കാം
വാതിലുകളടയ്ക്കാം
കാറ്റിനെ വീര്‍പ്പ് മുട്ടിക്കാം
കാല്പെരുമാറ്റങ്ങള്‍ തുടച്ച് കളയാം

ആവുന്നില്ല.
പശ തേച്ചൊട്ടിച്ച പോലെ
ഇതേ കിടപ്പില്‍
വിരിയുകയാണ്‌ ദിവസം

അപ്പുറത്തെ മുറിയില്‍
ഈറന്‍ വിരലുകള്‍ നീട്ടി
ആരോ താളുകള്‍ മറിയ്ക്കുന്ന
ശബ്ദം കേള്‍ക്കാം

'കേള്‍ക്കുന്നില്ലേ?'

അയാള്‍ ചോദിക്കുന്നു

ഒരു കടല്‍ വരുന്നുണ്ടെന്ന്
നിന്റെയീ മുറിയിലേയ്ക്ക്
തിരമാലകളില്‍
ഒലിച്ച് പോകും മുമ്പേ
അടച്ച് വയ്ക്കുക
എഴുതപ്പെടാത്ത
നിന്റെ ആത്മപുസ്തകം

അപ്പോള്‍ ജനലിനപ്പുറം
നഗരമിരമ്പുന്നു
ഇപ്പുറം ആരോ
താളുകള്‍ മറിയ്ക്കുന്നു.